2021, നവംബർ 30, ചൊവ്വാഴ്ച

എം.സി. വൈ. എം അടൂർ വൈദിക ജില്ല സുവർണ ജൂബിലി സമാപനം


മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻറ്റ് (MCYM) അടൂർ വൈദിക ജില്ലയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം അടൂർ തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ വെച്ച് നടത്തപെട്ടു. ജില്ലാ പ്രസിഡണ്ട് റ്റോജി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൻറ്റെ ഉദ്ഘാടനം തിരുവനന്തപുരം മേജർ അതിഭദ്രാസന വികാരി ജനറാൾ വെരി. റവ.ഡോ. വർക്കി ആറ്റുപ്പുറത്ത് നിർവഹിച്ചു. ജില്ലാ ഡയറക്ടർ റെവ. ഫാ. വർഗീസ് കിഴക്കേക്കര  ആമുഖ സന്ദേശം നൽകി.

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന ഡയറക്ടർ അരുൺ ഏറത്ത്‌ അച്ചൻ മുഖ്യസന്ദേശം നൽകി. അടൂർ വൈദിക ജില്ല വികാരി ഫാ തോമസ് പൂവണ്ണാൽ, എം സി വൈ എം മേജർ അതിഭദ്രാസന ആനിമേറ്റർ സിസ്റ്റർ ദിവ്യ ജോസ് ഡി.എം, എം.സി.വൈ.എം അടൂർ വൈദിക ജില്ലയുടെ പ്രധമ ജനറൽ സെക്രട്ടറി ജോസഫ് സാർ (എസ്.എച്ച്,എം ജോസഫ് ) എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ ആനിമേറ്റർ സിസ്റ്റർ ആഗ്നെറ്റ് മേരി ഡി എം, ജില്ല സെക്രട്ടറി ജോമി ജോൺസൺ, എം സി വൈ എം മേജർ അതിഭദ്രാസന കെ.സി. വൈ.എം സെനറ്റ്  ജോജു ജോൺ, ജില്ലാ വൈസ് പ്രസിഡണ്ട് ജെയ്സൺ, സഞ്ചു സാനു, ട്രെഷറാർ ബ്ലെസി ബോബൻ, ജില്ലാ സൈറ്റ് ആൻസി മറ്റ് ജില്ലാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

ശ്രീമതി റിറ്റി തോമസ് (Asst/ Prof. Department of Psychology, Mater Dei CMI College, Enathu) "Awake; A Rejuvenating Session For Youth" എന്ന വിഷയത്തിൽ  യുവജനങ്ങൾക്ക്  ക്ലാസ്സ്‌ എടുത്തു. 


Photo Gallery2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

പുസ്തക പ്രകാശനം

അടൂർ തിരുഹൃദയദേവാലയത്തിലെ അംഗമായ ഡോ.ദീപാ മേരി ജോസഫ് എഴുതിയ ഭാഷാശാസ്ത്രഗ്രന്ഥത്തിൻറ്റെ പ്രകാശനം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രൽ കബർ ചാപ്പലിൽ വെച്ചു നടന്നു. 

ബെനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ചരമ വാർഷിക ശുശ്രൂഷകൾക്കു ശേഷം നടന്ന ചടങ്ങിൽ അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ളീമ്മീസ് കാതോലിക്കാബാവ പുസ്തകം പ്രകാശനം ചെയ്തു. 


മലങ്കരസഭയിലെ അഭിവന്ദ്യ പിതാക്കന്മാർ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്ഡോ. സാമുവേൽ മാർ ഐറേനിയോസ്ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് എന്നിവരുടെ മഹനീയ സാന്നിധ്യമുണ്ടായിരുന്നു. മോൺ. മാത്യു മനക്കരക്കാവിൽ, മോൺ. വർക്കി ആറ്റുപുറം, റവ. ഫാ. ജോൺ പടിപ്പുരക്കൽ, റവ. ഫാ. ഗീവർഗീസ് നെടിയത്ത് എന്നിവരും സന്നിഹിതരായിരുന്നു. അഞ്ചൽ സെൻറ്റ് ജോൺസ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജോൺസൺ പുതുവേലിൽ പുസ്തകം ഏറ്റുവാങ്ങി.

നിഘണ്ടുക്കളിലെ സാമൂഹികതയും അധികാരവും’ എന്നതാണ് പുസ്തകത്തിൻറ്റെ തലക്കെട്ട്. കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.ദീപാ മേരി ജോസഫ് നമ്മുടെ ഇടവകയിലെ തിരുഹൃദയഭവൻ എസ്.എച്ച്.എം ജോസഫിൻറ്റേയും ത്രേസ്യാമ്മ ടീച്ചറുടെയും മകളും അഞ്ചൽ സെൻറ്റ് ജോൺസ് കോളേജിലെ അദ്ധ്യാപികയുമാണ്. 

ദീപാ മേരി ജോസഫിന് തിരുഹൃദയ ഇടവകയുടെ ആശംസകളും അനുമോദനങ്ങളും പ്രാർത്ഥനകളും നേരുന്നു.
2020, ജൂൺ 3, ബുധനാഴ്‌ച

തിരുഹൃദയ വണക്കമാസം

 

ജൂൺ മാസം 1 മുതൽ 30 വരെ സഭയിൽ തിരുഹൃദയ വണക്കമാസമായി ആചരിക്കുകയാണല്ലോ. കോവിഡ് മൂലം ദേവാലയത്തിൽ ഒരുമിച്ചു ചേരാൻ കഴിയുന്നില്ലെങ്കിലും തിരുഹൃദയത്തോടുള്ള തിരുഹൃദയ ദേവാലയാംഗങ്ങളുടെ സമർപ്പണത്തിൻറ്റെ സൂചനയായി, വീടുകളിൽ സാധാരണ പ്രാർത്ഥനയോടൊപ്പം തിരുഹൃദയ ജപമാലകൂടി ചൊല്ലുന്നത് അനുഗ്രഹകരമായിരിക്കും.

ജൂൺ 21 ഞായറാഴ്ച്ച തിരുഹൃദയപ്പെരുന്നാൾ ആഘോഷിക്കുന്നതിനും നാം നേരത്തെതന്നെ തീരുമാനിച്ചിട്ടുണ്ടല്ലോ. സർക്കാർ നിയന്ത്രണങ്ങൾക്കു വിധേയമായി തിരുന്നാൾ ആഘോഷിക്കുന്നതു സംബന്ധമായി പിന്നീട് അറിയിപ്പ് നൽകുന്നതുമാണ്.

ഏവർക്കും തിരുഹൃദയത്തിൻറ്റെ അനുഗ്രഹങ്ങൾ ധാരാളമായി ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു… പ്രാർത്ഥിക്കുന്നു.

Rev. Fr. Thomas Poovannal
വികാരി
തിരുഹൃദയ മലങ്കര കത്തോലിക്കാപ്പള്ളി
അടൂർ

Date: 03-Jun-2020

2020, ജനുവരി 20, തിങ്കളാഴ്‌ച

വന്ദ്യനായ സഖറിയാസ് നെടിയകാലായിലച്ചൻ


·         S.H.M ജോസഫ്


പ്രാരംഭകാലം മുതൽ പാരമ്പര്യങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും ഒപ്പം സഞ്ചരിച്ചിരുന്ന അടൂർ ഇടവകയെ വ്യതിരിക്തമായ ഒരു ശൈലിക്കൊപ്പം നയിച്ച വിപ്ലവതുടക്കമായിരുന്നു സഖറിയാസ് നെടിയകാലായിലച്ചൻ (രാജനച്ചൻ).


1989
അദ്ദേഹം അടൂർ ഇടവകയുടെ വികാരിയായി ചുമതലയേറ്റു. കപ്പൂച്ചിൻ സന്യാസിയായിരുന്ന ഓണേറിയസച്ചൻ സ്ഥലം മാറിയതിനെത്തുടർന്നാണ് രാജനച്ചൻ അടൂരിലേക്കു വന്നത്. ഇടവകപ്രവർത്തനങ്ങൾ ആല്മമീയപ്രവർത്തനങ്ങളിൽ മാത്രം അധിഷ്ഠിതമായിരിക്കണമെന്നു ശഠിച്ചിരുന്ന ഇടവകക്കാരെ സമൂഹകൂട്ടായ്മ വളർത്തുന്ന തരത്തിൽ പെരുന്നാളുകളും ആഘോഷങ്ങളും കൂടി ഉൾക്കൊള്ളണമെന്നു പ്രേരിപ്പിച്ചത് രാജനച്ചനാണ്. ഹോളി ഏൻജൽസ് സ്‌കൂളിൻറ്റെ പടിഞ്ഞാറെ ബ്ലോക്കിൻറ്റെ നിർമ്മാണത്തിനായി അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു.
സൺഡേസ്‌കൂളും യുവജനപ്രസ്ഥാനവുമൊക്കെ മികച്ച നിലവാരത്തിലെത്തിക്കാൻ അച്ചൻ ശ്രദ്ധ പുലർത്തി.

ഇടവകയിലെ സൺ‌ഡേസ്‌കൂൾ ഹെഡ് മാസ്റ്ററും സൺ‌ഡേ സ്‌കൂൾ ജില്ലാ ചുമതലക്കാരനും ആയിരുന്നതിനാൽ അച്ചനോടൊപ്പം കാര്യങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കാൻ എനിക്കിടയായിട്ടുണ്ട്.

നെടിയകാലായിലച്ചൻറ്റെ മഹത്വം അടൂരിലെ പ്രവർത്തനങ്ങളുടെ പേരിൽ മാത്രമല്ലാ, അവിഭക്ത തിരുവനന്തപുരം അതിരൂപതയിലും പത്തനംതിട്ട രൂപതയിലുമായി 60 പള്ളികളിൽ അദ്ദേഹം വികാരിയായിരുന്നു. നമ്മുടെ പ്രദേശത്ത് അടൂരിനു പുറമെ പറക്കോട്, കൊടുമൺ, ചന്ദനപ്പള്ളി, അങ്ങാടിക്കൽ, മൈലപ്രാ എന്നിവടങ്ങളിൽ അദ്ദേഹം വികാരിയായിരുന്നു. വൈദികനെന്നതിനു പുറമെ അധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം അടൂർ പി.വി.എൽ.പി.എസ്, കൊടുമൺ സെൻറ്റ് പീറ്റേഴ്സ് യു.പി എന്നു തുടങ്ങി വിവിധ സ്‌കൂളുകളിൽ അധ്യാപകനും പ്രധാനാധ്യാപകനും ആയിരുന്നു. അധ്യാപന രംഗത്തെ പരിചയം പത്തനംതിട്ട രൂപതയിലെ മികച്ച സ്‌കൂൾ കറസ്പോണ്ടൻറ്റാകാൻ അദ്ദേഹത്തിനു സഹായമായി.

നെടിയകാലായിലച്ചൻറ്റെ ജന്മദേശം പത്തനംതിട്ട ജില്ലയിൽ കിടങ്ങന്നൂരിനടുത്ത മെഴുവേലിയാണ്. 1953 നെടിയകാലായിൽ തോമസ് ചെറിയാൻറ്റേയും ശോശാമ്മയുടെയും മകനായി ജനിച്ചു. ഇടവക മെഴുവേലി വെസ്റ്റ് മലങ്കരകത്തോലിക്കാപ്പള്ളി. പത്താം ക്‌ളാസ്സ് പാസ്സായ ശേഷം പട്ടം സെൻറ്റ് അലോഷ്യസ് സെമിനാരിയിൽ ചേർന്നു. മംഗലാപുരം സെൻറ്റ് ജോസഫ് മേജർ സെമിനാരിയിലായിരുന്നു തുടർപഠനം. 1979 ഏപ്രിൽ 4 നു വൈദികനായി.

ഏതു സ്ഥലത്തും രംഗത്തും അക്ഷീണം പ്രയത്നിച്ച രാജനച്ചൻ കഴിഞ്ഞ രണ്ടു വർഷത്തോളം രോഗങ്ങളുമായി സഹവർത്തിത്വത്തിലായിരുന്നു. ക്ലേശങ്ങളെ തുറന്ന ചിരിയോടെ സ്വാഗതം ചെയ്തിരുന്ന രാജനച്ചൻ ക്ലേശങ്ങളില്ലാത്ത രാജ്യത്തേക്കു കടന്നുപോയിരിക്കുന്നു.

നമ്മുക്ക് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാംനിത്യശാന്തി നേരാം.

2019, ഒക്‌ടോബർ 26, ശനിയാഴ്‌ച

മാത്യൂസ് തുരുത്തിയിൽ റമ്പാച്ചന് തിരുഹൃദയപ്പള്ളിയുടെ അശ്രുപൂജ


·         മാത്യൂസ് ജേക്കബ് പടിപ്പുരയിൽ

1983 മുതൽ 1988 വരെ അടൂർ തിരുഹൃദയപ്പള്ളി വികാരിയും അടൂർ വൈദികജില്ലാ വികാരിയുമായിരുന്ന മാത്യൂസ് തുരുത്തിയിൽ റമ്പാച്ചന്റെ ദേഹവിയോഗത്തിൽ അടൂർ തിരുഹൃദയപ്പള്ളിയംഗങ്ങൾ അനുശോചനം അർപ്പിക്കുന്നു, വന്ദ്യ റമ്പാച്ചന്റെ ആൽമശാന്തിക്കായി പ്രാർത്ഥിക്കുന്നു.

അന്നത്തെ
മാത്യു തുരുത്തിയിലച്ചനെക്കുറിച്ച് ജ്വലിക്കുന്ന ഓർമ്മകളാണ് പഴയ തലമുറയിലെ അടൂർ ഇടവകാംഗങ്ങൾക്കുള്ളത്. അടൂരിലെ മൂന്നാമത്തെ ദേവാലയം നിർമ്മിച്ചതും കൂദാശ ചെയ്തതും അച്ചൻറ്റെ നേതൃത്വത്തിലായിരുന്നു. ട്രാൻസ്ഫർ ഉടനെയുണ്ടാകുമെന്നും പോകുന്നതിനു മുൻപ് പള്ളിപണിയുടെ കണക്ക് അവതരിപ്പിച്ചു പാസ്സാക്കിയിട്ടു പോകണമെന്നുള്ള തീവ്രമായ ആഗ്രഹം അച്ചന് 1987 ത്തന്നെയുണ്ടായിരുന്നു. പള്ളിപണി കഴിഞ്ഞിട്ടും കണക്കു അവതരിപ്പിച്ചു പാസ്സാക്കുന്നതിൽ വന്ന താമസം അദ്ദേഹത്തെ ദുഃഖിതനാക്കിയിരുന്നു. പക്ഷെ, അന്നത്തെ ട്രസ്റ്റിയുടെ പക്കൽനിന്നും കണക്കുകൾ എങ്ങിനെയോ നഷ്ടമായി. ഇന്നത്തെപ്പോലെ കമ്പ്യൂട്ടർ സഹായമില്ലാതെ നടത്തിയ കണക്കെഴുത്തിൽ കണക്കുബുക്ക് നഷ്ട്ടപ്പെട്ടാൽ എല്ലാം നഷ്ട്ടപ്പെട്ടുവെന്നു തന്നെയായിരുന്നു അർത്ഥം. വലിയ സ്ഫോടനാല്മകമായ അന്തരീക്ഷത്തിലായിരുന്നു പൊതുയോഗം നടന്നത്. യാതൊരു മുഖവുരയുമില്ലാതെ അച്ചൻ പൊതുയോഗത്തിൽ പറഞ്ഞു- “കണക്കുകൾ ട്രസ്റ്റിയുടെ പക്കൽനിന്നും നഷ്ടപ്പെട്ടു. പക്ഷെ നിങ്ങൾ ഓരോരുത്തരും എത്ര തന്നു എന്ന കണക്ക് ഞാൻ സൂക്ഷിച്ചിട്ടുണ്ട്. എങ്ങിനെ ചെലവാക്കിയെന്ന കണക്ക് മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. ഞാനാണ് പണികളൊക്കെ നേരിട്ട് ചെയ്യിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് എത്ര വരവുണ്ടോ അത്രയും ചെലവായിയെന്നു ഞാൻ പറയുന്നത് വിശ്വസിക്കാമെങ്കിൽ കണക്ക് പാസാക്കണം.”
ജനം കുറേസമയം സ്തബ്ദരായി നിശബ്ദരായി ഇരുന്നുപോയി. ആർക്കും അച്ചനെ വേദനിപ്പിക്കുവാനുള്ള മനസ്സില്ലായിരുന്നു. ഒറ്റക്കാരണം കൊണ്ടുതന്നെ, കൂടുതൽ ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ കണക്കുകൾ പൊതുയോഗം ഏതാനും നിമിഷങ്ങൾക്കുള്ളിൽത്തന്നെ പാസ്സാക്കി. ട്രസ്റ്റിയുടെ കണക്കുപുസ്തകത്തേക്കാൾ ആധികാരികതയും വിശ്വാസ്യതയും അടൂർ പള്ളിക്കാരെസംബന്ധിച്ചിടത്തോളം മാത്യു തുരുത്തിയിലച്ചൻറ്റെ വാക്കുകൾക്കുണ്ടായിരുന്നു.
ഞാൻ വിദേശത്തുനിന്നും അവധിക്കു വരുമ്പോളൊക്കെ അന്ന് അച്ചൻ സേവനം ചെയ്തുകൊണ്ടിരുന്ന പള്ളികളിൽ പോയി അച്ചനെ കാണുവാൻ എൻറ്റെ പിതാവ് എന്നെ പ്രേരിപ്പിക്കുമായിരുന്നു. ചെന്നപ്പോളൊക്കെ തൻറ്റെ ആഥിത്യ മര്യാദകൊണ്ട് അദ്ദേഹം എന്നെ വീർപ്പുമുട്ടിച്ചിരുന്നു. അച്ചന്റെയടുത്തു ചെല്ലുമ്പോൾതന്നെ അദ്ദേഹത്തിനു ചുറ്റും ഒരു വിശുദ്ധ പ്രഭാവലയം ഉണ്ടെന്നുള്ളത് മനസ്സിലാക്കാനും അനുഭവിക്കാനും സാധിക്കുമായിരുന്നു. മിതഭാഷിയായിരുന്ന അദ്ദേഹം നിശബ്ദത ആഘോഷിച്ചിരുന്ന സ്വഭാവക്കാരനായിരുന്നു. അര മണിക്കൂർ ഒന്നിച്ചിരുന്നാൽ സാധാരണ കുശലാന്വേഷണങ്ങൾക്കു ശേഷം കഷ്ടിച്ചു മൂന്നോ നാലോ വാചകങ്ങൾ മാത്രം. ബാക്കി സമയമെല്ലാം മൗനംനിശബ്ദത. പക്ഷെ, വളരെ വാചാലമായ നിശ്ശബ്ദതയായിരുന്നു. നിമിഷങ്ങൾ ഒത്തിരി കാര്യങ്ങൾ സംസാരിച്ച, ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കിയ പ്രതീതി ഉളവാക്കുമായിരുന്നു. എന്നാൽ പോകട്ടേയച്ചോയെന്നു യാത്ര പറഞ്ഞിറങ്ങാൻ ശ്രമിച്ചാലും വീണ്ടും പിടിച്ചിരുത്തും. കുറെ നിമിഷങ്ങൾകൂടി കണ്ണുകളിൽ നോക്കി പുഞ്ചിരിയോടു കൂടി ഇരുന്നിട്ടുള്ള തേജസ്സുറ്റ മുഖം ഇപ്പോഴും ഓർമ്മയിൽ തങ്ങിനിൽക്കുന്നു. സത്യത്തിൽ ജീവിച്ചിരിക്കുമ്പോൾതന്നെ വിശുദ്ധനെന്ന് ഞങ്ങളൊക്കെ കണക്കാക്കിയിരുന്ന താപസ ശ്രേഷ്ഠനായിരുന്നു തുരുത്തിയിലച്ചൻ.
വന്ദ്യ റമ്പച്ചാഎല്ലാ കരുതലുകൾക്കും നന്ദിഎല്ലാ പ്രാർത്ഥനകൾക്കും നന്ദിസ്നേഹത്തിന്റെയും ഓർമ്മകളുടെയും മുൻപിൽ ഞങ്ങൾ നമ്രശിരസ്കരാകുന്നുപ്രണാമം!
മാത്യു തുരുത്തിയിലച്ചന് 1988  ലീജിയൻ ഓഫ് മേരി സംഘടന നൽകിയ യാത്രയയപ്പ്

(മാത്യു തുരുത്തിയിലച്ചന് 1988 ലീജിയൻ ഓഫ് മേരി സംഘടന നൽകിയ യാത്രയയപ്പിന്റെ ചിത്രം മൺമറഞ്ഞുപോയ നെടുമ്പാലയിൽ അമ്മച്ചിയേയും കോയിക്കവടക്കേൽ അമ്മച്ചിയേയും കോട്ടാലേത്ത് അമ്മച്ചിയേയും തോപ്പിൽ മറിയാമ്മാമ്മയെയും മണ്ണിക്കരോട്ട് ലില്ലിക്കുട്ടിയമ്മാമ്മയെയും ഒക്കെ ഒന്നുകൂടി കാണാൻ അവസരം ഒരുക്കുന്നു. അന്നത്തെ ഇളം തലമുറക്കാരായ നെല്ലിമൂട്ടിൽ മേരി ജോർജിനെയും കുറ്റിയിൽ സൂസമ്മാമ്മയെയും, പുത്തൻപുരയിൽ പൊന്നമ്മാമ്മയെയും ഒക്കെ അന്നത്തെ അവസ്ഥയിൽ കാണാനുള്ള അവസരവും ഓർമ്മച്ചെപ്പ് തുറക്കുന്ന അപൂർവ്വ ചിത്രം നമുക്ക് സമ്മാനിക്കുന്നു.)

2019, ജൂൺ 13, വ്യാഴാഴ്‌ച

ഒരു മായാമയനെപ്പോലെ


മലങ്കര കത്തോലിക്കാ സഭയുടെ അടൂരിലെ അജപാലനദൗത്യം ഏറ്റെടുത്തു നെടിയത്തച്ചൻ (റവ. ഫാദർ ഗീവർഗ്ഗീസ് നെടിയത്ത്) 2013 മാർച്ചിൽ അടൂരിലെത്തിയിട്ട് 6 വർഷം കടന്നു പോയിരിക്കുന്നു.
6 വർഷം മുൻപുള്ള ദിനങ്ങളിലേക്കു അറിയാതെ മനസ്സ് ഊളിയിട്ടു പോകുന്നു. ഒരു വലിയനോമ്പ് കാലമായിരുന്നു. അച്ചൻ അടൂരിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ അദ്ദേഹത്തിൻറ്റെ ശൈലിക്കിണങ്ങുന്ന പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. ഓശാന ഞായറാഴ്ചയുടെ തലേന്നുള്ള ശനിയാഴ്ച്ച ഉച്ച കഴിഞ്ഞു 3 മണി മുതൽ 6 മണി വരെ മറ്റ്‌ പള്ളികളിൽനിന്നുമുള്ള 4 അച്ചന്മാരെക്കൂടി സംഘടിപ്പിച്ചു നടത്തിയ പൊതു കുമ്പസാരം അടൂരുകാർക്കു ആദ്യത്തെ അനുഭവമായി. എല്ലാവരും സമയത്തു കുമ്പസ്സാരിച്ചിരിക്കണമെന്നും അതിനുശേഷം ഉയിർപ്പിനു മുൻപ് കുമ്പസ്സാരം ഉണ്ടായിരിക്കുന്നതല്ലായെന്നും ഓശാനയ്ക്ക് മുൻപുള്ള ഞായറാഴ്ച്ച കുർബാനയ്ക്ക് ശേഷം അനൗൺസ് ചെയ്തിരുന്നു. അതിനു ശേഷം ആറ് ഹാശാ ആഴ്ചകൾ കടന്നുപോയതും രീതിയിൽത്തന്നെയായിരുന്നു. എല്ലാത്തിനും ഒരു അടുക്കും ചിട്ടയും അച്ചടക്കവും വേണമെന്നുള്ള നിർബന്ധം അച്ചനുണ്ടായിരുന്നു.
അച്ചൻ വന്ന സമയത്തെ അടൂർ തിരുഹൃദയ ദേവാലയവും പരിസരവും അടൂരുകാർ പെട്ടെന്ന് മറന്നുപോവുമെന്നു കരുതുന്നില്ല. സത്യത്തിൽ നെടിയത്തച്ചനിൽക്കൂടി നമുക്ക് ലഭിച്ച നന്മകൾക്കു നാം കൃതഞ്ജതയുള്ളവരാകണമെങ്കിൽ അദ്ദേഹം വരുന്നതിനു മുൻപുള്ള അവസ്ഥയെക്കുറിച്ചു ഓർമ്മയുള്ളവരായിരിക്കണം. 2013 മാർച്ചിൽ ഉണ്ടായിരുന്ന സാഹചര്യങ്ങളെ ഒന്ന് ഓർത്തെടുക്കാം. അടൂർ സെൻട്രൽ മൈതാനത്തിന് തെക്കുവശത്തായി 80 വർഷം പഴക്കമുണ്ടായിരുന്ന രണ്ടുനില കെട്ടിടം. താഴത്തെ നിലയിൽ പലവിധമായ വ്യാപാര സ്ഥാപനങ്ങൾ. മുകളിൽ പഴയ പ്രവർത്തനം നിലച്ച ടൈപ്പ്‌റൈറ്റിംഗ് ഇൻസ്റ്റിറ്റ്യുട്ടും തയ്യൽക്കടകളും. കുറേക്കൂടി പടിഞ്ഞാറോട്ട് മാറി 60 വർഷം പഴക്കമുണ്ടായിരുന്ന കുരിശ്ശടി. കുരിശ്ശടിയുടെയും രണ്ടുനില കെട്ടിടത്തിൻറ്റെയും ഇടയ്ക്കുകൂടി ദേവാലയത്തിലേക്കുള്ള, ഇപ്പോഴത്തെ നിലവാരം അനുസരിച്ചു ഇടുങ്ങിയതെന്നു വിശേഷിപ്പിക്കാവുന്ന, പ്രവേശന കവാടം. കരിങ്കല്ല് പാകിയിരുന്ന വഴി അകത്തോട്ടു കയറാൻ ആരംഭിക്കുമ്പോൾ മാത്രം കാണാവുന്ന തരത്തിൽ ഇരുനില കെട്ടിടത്തിൻറ്റെ മറവിൽ സ്ഥിതി ചെയ്തിരുന്ന പുരാതനമായ കരിങ്കൽക്കെട്ടോടുകൂടിയ മുഖപ്പുണ്ടായിരുന്ന തിരുഹൃദയ ദേവാലയം. ദേവാലയത്തിൻറ്റെ  മദ്ബഹായുടെ പിറകിൽ കടകൾ സ്ഥിതിചെയ്തിരുന്ന കെട്ടിടത്തിൻറ്റെ ഭിത്തിയോടു തൊട്ടുടുത്തുവരെ നിലകൊണ്ടിരുന്ന പഴയ പി.വി.എൽ.പി.സ്‌കൂൾ കെട്ടിടം.
പുരാതനമായ ഒരു ദേവാലയത്തിലേക്കുള്ള പ്രവേശന കവാടമായിരുന്നുവെങ്കിലും ഒരു ഇരുൾ മൂടിയ അവസ്ഥയായിരുന്നു ഗേറ്റ് കടക്കുന്ന സമയത്തു അനുഭവവേദ്യമായിരുന്നത്. എന്നാൽ നെടിയത്തച്ചൻ വന്നതിനു ശേഷം നടന്ന സമഗ്രമായ മാറ്റങ്ങൾ അടൂർ സെൻട്രൽ മൈതാനത്തിൻറ്റെ തൊട്ടടുത്തുള്ള ഭൂപ്രദേശത്തിന് ഒരു പുതിയ ദൃശ്യഭംഗി കൈവരിക്കുവാനിടയാക്കിയെന്ന സത്യം സ്ഥലത്തു ഇപ്പോൾ വരുന്ന ആർക്കും പെട്ടെന്ന് ബോധ്യപ്പെടുന്ന കാര്യമാണ്. ദേവാലയത്തെ മറച്ചിരുന്ന പഴയ ഇരുനിലക്കെട്ടിടം കിഴക്കേ അറ്റത്തെ രണ്ടു ചെറിയ കടമുറികളൊഴിച്ചു പൂർണ്ണമായും പൊളിച്ചുമാറ്റി. പഴയ ഇടുങ്ങിയ ഒറ്റ പ്രവേശനകവാടത്തിൻറ്റെ സ്ഥാനത്തു പുതിയ ഇരട്ട പ്രവേശനകവാടങ്ങൾ; അവയ്‌ക്കു നടുവിലായി പുതിയ കൽക്കുരിശ്ശടിയും കൽക്കൊടിമരവും. ഇവയെല്ലാം പണ്ട് നിലകൊണ്ടിരുന്നിടത്തുനിന്നും ആറ് മീറ്ററോളം അകത്തോട്ടു മാറ്റി നഗരവികസനത്തിനാവശ്യമായ സ്ഥലം വിട്ടുകൊടുത്തുകൊണ്ടായിരുന്നുവെന്നതിനാൽ റോഡിനു വീതി കൂട്ടുവാനും തന്മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി നടന്നുപോകുന്നതിനും വാഹനങ്ങൾക്ക് പഴയതിലും സുഗമമായി കടന്നുപോകന്നതിനും ആവശ്യത്തിലുമധികം സൗകര്യം ലഭ്യമായിരിക്കുന്നു. പഴയ ദേവാലയത്തിൻറ്റെ സ്ഥാനത്തു പൗരാണിക പ്രൗഢി ഒട്ടും നഴ്ട്ടപ്പെടാതെ അന്ത്യോക്യൻ ശൈലിയിൽ പണികഴിപ്പിച്ചിരിക്കുന്ന പുതിയ ദേവാലയം വടക്കുനിന്നും വരുമ്പോൾ കെ.എസ്.അർ.ടി.സി ബസ് സ്റ്റേഷൻ കഴിയുമ്പോൾത്തന്നെ ദൃശ്യമാകുന്നു. പ്രവേശന കവാടത്തിലെത്തുമ്പോൾത്തന്നെ പള്ളിയുടെ മോണ്ടളവും മണിമേടയും ഗ്രോട്ടോയും പള്ളിമേടയും നിത്യാരാധന ചാപ്പലും ദൃശ്യമാകുന്നു. എല്ലാംകൊണ്ടും പ്രകാശപൂരിതമായ ഭക്തിനിർഭരമായ ദൈവികചൈതന്യം അനുഭവിച്ചറിയാവുന്ന ഒരു അന്തരീക്ഷം.

പഴയ ദേവാലയം പൊളിക്കുന്നതിനു ഏതാനും ദിവസം മുൻപ്
പള്ളിക്ക് തെക്കുവശത്തു പണ്ട് ഡി.എം കോൺവെൻറ്റ്  ആയിരുന്നതും പിന്നീട്‌ അച്ചന്മാർ താമസിച്ചിരുന്നതുമായ കെട്ടിടം (പള്ളിമേട/പ്രെസ്ബിറ്ററി) നെടിയത്തച്ചൻ വരുന്നതിനു ഒരു വർഷം മുൻപേ പൊളിച്ചു മാറ്റിയിരുന്നു. ഇവിടെ പി.വി.എൽ.പി. എസ്സിനുവേണ്ടി പുതിയ ഇരുനിലക്കെട്ടിടം പണികഴിപ്പിച്ചു 2015 മുതൽ സ്‌കൂൾ പ്രവർത്തിച്ചു വരുന്നു. പഴയ പി.വി.എൽ.പി സ്‌കൂൾ കെട്ടിടം പൊളിച്ചുമാറ്റി സ്ഥലത്തു ദേവാലയത്തിനുവേണ്ടി വിശാലമായ പാർക്കിംഗ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നു. പുതിയ പി.വി.എൽ.പി.എസ്സിനു അഭിമുഖമായി പണി തീർത്തിരിക്കുന്ന പുതിയ പള്ളിമേട/പ്രെസ്ബിറ്ററി (മാർ ഇവാനിയോസ് ഭവൻ) വികാരിയച്ചന് താമസിക്കാനുള്ള ഇടം മാത്രമായിട്ടല്ല, മറിച്ചു അടൂർ വഴി കടന്നുപോകുന്ന സഭയിലെ പിതാക്കന്മാർക്കും അച്ചന്മാർക്കും ഉള്ള വിശ്രമകേന്ദ്രം കൂടിയാകത്തക്ക നിലയിൽ വിപുലമായിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പുതിയ ദേവാലയവും അനുബന്ധ കെട്ടിടങ്ങളും പണി കഴിപ്പിച്ചത് നെടിയത്തച്ചൻ 2013 അടൂരിലെത്തിയതിനു ശേഷം അദ്ദേഹത്തിൻറ്റെ  നേതൃത്വത്തിലും നേരിട്ടുള്ള മേൽനോട്ടത്തിലുമാണ്.
പുതിയ ദേവാലയം
പുതിയ ദേവാലയം രാത്രിശോഭയിൽ
വളരെ വിസ്മയകരമായ ഒരു രൂപപരിണാമായിരുന്നു ഭൂപ്രദേശത്തു നടന്നത്. കല്ലും കട്ടയും അതുപോലെ ഉപയോഗശൂന്യമായ വസ്തുക്കളും കൂട്ടിയിട്ട് അതിൻറ്റെ  മുകളിൽ ഒരു ചുവന്ന പട്ടുതുണി വിരിച്ചിട്ടു മാന്ത്രികൻ തൻറ്റെ  കയ്യിലുള്ള വടി അതിൻറ്റെ  മുകളിൽക്കൂടി രണ്ടുമൂന്നു തവണ വൃത്താകൃതിയിൽ ചുഴറ്റിയ ശേഷം ചുവന്ന പട്ടുറുമാൽ മാറ്റുമ്പോൾ തിളങ്ങുന്ന സ്വർണ്ണാഭരണങ്ങൾ ദൃശ്യമാകുന്ന ഒരു മന്ത്രികവിദ്യ ചെറുപ്പത്തിൽ കണ്ടതോർക്കുന്നു. അതിനു സമാനമായ സ്വപ്നതുല്യമായ ഒരു പരിണാമമാണ് അടൂർ നഗരത്തിൻറ്റെ  ഹൃദയഭാഗത്തു  നെടിയത്തച്ചൻ ഒരു ഐന്ദ്രജാലികൻറ്റെ ചടുലതയോടെ ആവിഷ്ക്കരിച്ചത്.
2017 സെപ്റ്റംബർ 19 നാണ് പുതിയ ദേവാലയ കൂദാശ നടന്നത്. അടുത്ത രണ്ടു ദിവസങ്ങളിലായി, അതായതു 2017 സെപ്റ്റംബർ 20-21 തീയ്യതികളിൽ, 87-) പുനരൈക്യവാർഷികം അടൂരിൽവച്ചു നടക്കുകയുണ്ടായി. ദേവാലയ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് എത്തിയപ്പോൾത്തന്നെ പുനരൈക്യ വാർഷികത്തിനുള്ള ഒരുക്കങ്ങൾ അച്ചൻറ്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ആരംഭിച്ചിരുന്നു. രണ്ടു കാര്യങ്ങൾക്കും തുല്യപ്രാധാന്യം നൽകി രണ്ടും വിജയ പരിസമാപ്തിയിൽ എത്തിക്കുവാൻ കഴിഞ്ഞത് അച്ചന് വ്യക്തിപരമായി എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ്.
87-) പുനരൈക്യ വാർഷികത്തോടനുബന്ധിച്ചു പുതിയ ദേവാലയത്തിൻറ്റെ കൂദാശയും നടത്തണമെന്ന് തീരുമാനിച്ചിരുന്നതുകൊണ്ടു പള്ളിപണിയിൽ ഒരു തരത്തിലുള്ള വിശ്രമവേളയും അനുവദനീയമായിരുന്നില്ല. വെറും രണ്ടു വർഷവും മൂന്നു മാസവും കൊണ്ടാണ് ദേവാലയനിർമ്മാണം പൂർത്തിയാക്കിയതെന്ന വസ്തുത ഇപ്പോൾ ഒരു പക്ഷെ വളരെ അവിശ്വസനീയമായി തോന്നാം. ധനസമാഹരണം തന്നെയായിരുന്നു അച്ചൻ നേരിട്ട വലിയ വെല്ലുവിളി. ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽ ഏറ്റവും കുറഞ്ഞത് 4 തവണയെങ്കിലും പിരിവിനായി അച്ചനും നിർമ്മാണ കമ്മിറ്റിയംഗങ്ങളും കയറിയിറങ്ങി. കുടുംബ വഞ്ചി, ലേലം, ഫുഡ് ഫെസ്റ്റ്, ജന്മദിന കാണിക്ക മുതലായ എല്ലാ ധനാഗമമാർഗ്ഗങ്ങളും പ്രയോഗിച്ചു. മാസത്തിലെ ആദ്യ ഞായറാഴ്ച്ച കുർബ്ബാനമധ്യേ അച്ചൻതന്നെ കാണിക്കയെടുക്കുവാനായി ഇറങ്ങി. പള്ളിപണിക്കാവശ്യമായിരുന്ന തടിയുടെ മുക്കാൽ ഭാഗവും ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽനിന്നും ശേഖരിച്ചു. അച്ചൻറ്റെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചു മാത്രം ഒരു കോടിയിലധികം രൂപാ ഇടവകാംഗങ്ങളല്ലാത്ത അഭ്യൂദയകാംക്ഷികളിൽനിന്നും അച്ചൻ സ്വരൂപിച്ചു. നിശ്ചയിച്ച സമയത്തുതന്നെ പള്ളിപണി പൂർത്തിയാക്കാൻ അച്ചൻറ്റെ  ഊണും ഉറക്കവും കളഞ്ഞുള്ള കഠിനാധ്വാനം അടൂരുകാർക്കു ഒരു കാലത്തും മറക്കാൻ പറ്റുന്നതല്ല.
അന്ത്യോക്യൻ ശൈലിയിലുള്ള മദ്ബഹാ കാണുവാനും പഠിക്കുവാനും പുതിയ ദേവാലയങ്ങൾ പണികഴിപ്പിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഉത്തരവാദിത്തപ്പെട്ടവർ അടൂർ പള്ളിയിൽ വരുന്നത് ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. അങ്ങിനെ മദ്ബഹായുടെ കാര്യത്തിലെങ്കിലും അടൂർപള്ളി ഒരു മാതൃകാ ദേവാലയമായി  (reference church) മാറിയിരിക്കുന്നു.
അന്ത്യോക്യൻ ശൈലിയിലുള്ള മദ്ബഹാ
ദേവാലയ കൂദാശക്ക് ശേഷം വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് സ്ഥാപിക്കുവാനും എല്ലാ ചൊവ്വാഴ്ച്ചകളിലും വിശുദ്ധൻറ്റെ നൊവേന നടത്തുവാനുമുള്ള ശ്രമങ്ങൾ നടത്തിയത്  അച്ചൻതന്നെയാണ്. ഇപ്പോൾ വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ എത്തുകയും വിശുദ്ധ പാദ്രെ പിയോയുടെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്യുന്നു. മാസത്തിൽ ആദ്യത്തെ വെള്ളിയാഴ്ചയും അവസാനത്തെ ഞായറാഴ്ചയും പള്ളിയിൽവെച്ചു മുടക്കമില്ലാതെ നടക്കുന്ന ധ്യാനയോഗങ്ങളും കൗൺസിലിങ്ങും വളരെ പ്രസിദ്ധമാണ്. അടൂർ തിരുഹൃദയപ്പള്ളിയിൽ ധ്യാനയോഗങ്ങൾ മുടക്കമില്ലാതെ സംഘടിപ്പിക്കുന്ന സമയത്തു മറ്റു ദേവാലയങ്ങളിൽ പോയി ധ്യാനയോഗങ്ങൾക്കു നേതൃത്വം കൊടുക്കുവാനുള്ള നിയോഗവും നെടിയത്തച്ചനെത്തേടി എത്താറുണ്ട്. ഞായറാഴ്ച്ച കുർബ്ബാനമധ്യേ നെടിയത്തച്ചൻ നടത്തിയുരുന്ന  സുവിശേഷ പ്രസംഗങ്ങൾ സത്യത്തിൽ വ്യക്തികളുടെ വിശുദ്ധീകരണവും കുടുംബങ്ങളുടെ നവീകരണവും ലക്ഷ്യമിട്ട് നടത്തിയ  ലഘു ധ്യാന പ്രസംഗങ്ങൾ തന്നെയാണ്. കഴിഞ്ഞ ആറു വർഷവും പ്രസംഗങ്ങൾ ശ്രവിക്കുവാൻ കഴിഞ്ഞത് അടൂർ ഇടവകജനങ്ങൾക്കു ലഭിച്ച വലിയ ദൈവകൃപയായി കരുതണം


 പുതിയ ദേവാലയത്തോടനുബന്ധമായി നിത്യാരാധന ചാപ്പൽ എന്ന സങ്കല്പത്തിൻറ്റെ  ഉപജ്ഞാതാവ് നെടിയത്തച്ചനാണ്. എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 7 വരെ നിത്യാരാധന ചാപ്പലിൽ വിശുദ്ധ കുർബ്ബാനയുടെ ആരാധന നടക്കുന്നു. മാസത്തിലെ രണ്ടാം വെള്ളിയാഴ്ച്ച രാത്രിയിൽ നിത്യാരാധന ചാപ്പലിൽവെച്ച് ജാഗരണ പ്രാർത്ഥനയും നടക്കുന്നു.   കഴിഞ്ഞ ഒരു വർഷമായി ഞായറാഴ്ചകളിൽ രണ്ടാം കുർബ്ബാന വൈകിട്ടു നാലുമണിക്ക്‌ നടക്കുന്നു. ഇവയെല്ലാം നെടിയത്തച്ചൻ നടപ്പിലാക്കിയ ശ്ലാഘനീയമായ പരിഷ്‌ക്കാരങ്ങളാണ്.
കഴിഞ്ഞ ആറു വർഷം കൊണ്ട് നെടിയത്തച്ചൻ അടൂർ പൗരാവലിക്ക് അങ്ങേയറ്റം പ്രിയങ്കരനായി മാറി. ജാതി-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാ വിഭാഗത്തിലുമുള്ള ആളുകൾക്കും അദ്ദേഹം സ്വീകാര്യനായി. സഹോദരീസഭകളുമായി ഊഷ്മളമായ ബന്ധം പുലർത്തുന്നതിന് അദ്ദേഹം കാണിച്ച ശുഷ്ക്കാന്തി പ്രശംസനീയമാണ്. ഏതാണ്ട് വിസ്മൃതിയിലാണ്ടിരുന്ന സംയുക്ത ക്രിസ്മസ് ആഘോഷങ്ങൾക്കു പുതുജീവൻ ലഭിച്ചതും പഴയ പ്രൗഢി വീണ്ടെടുക്കാൻ കഴിഞ്ഞതും നെടിയത്തച്ചൻ സംയുക്ത ക്രിസ്മസ്സ് കമ്മിറ്റിയുടെ ചെയർമാൻ ആയതിനു ശേഷമാണ്.

 
നെടിയത്തച്ചൻ മാസം 19 നു കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിയുടെയും കൊട്ടാരക്കര വൈദിക ജില്ലയുടെയും വികാരിയായി സ്ഥാനമേൽക്കാൻ യാത്രയാവുകയാണ്. അച്ചൻറ്റെ സ്ഥലംമാറ്റം അടൂർ ഇടവകയ്ക്കും അടൂർ വൈദിക ജില്ലയ്ക്കും അടൂരിനുതന്നേയും വലിയ നഷ്ടമാണ്. അച്ചനുമായി ഏതെങ്കിലും വിധത്തിൽ എന്നെങ്കിലും ബന്ധപ്പെട്ടിട്ടുള്ള എല്ലാവരുടെയും  മനസ്സിൽ ഒരു നൊമ്പരം- ഒരു നീറുന്ന നഷ്ടബോധം, അനുഭവപ്പെടുന്നുണ്ടാവും. എങ്കിലും, തിരുവനന്തപുരം അതിരൂപതയിലെ അറിയപ്പെടുന്ന ഒരു ധ്യാനഗുരുവും, തനിക്കു ലഭിച്ചിട്ടുള്ള ദൈവാനുഗ്രഹത്താൽ വിജയഗാഥകൾ മാത്രം രചിച്ചിട്ടുള്ള, അസാമാന്യ നേതൃപാടവമുള്ള, മികച്ച സംഘാടകനുമായ ഒരു സീനിയർ വൈദികൻറ്റെ സേവനം എക്കാലവും അടൂരിനു മാത്രമായി ലഭിക്കണം എന്നു വാശി പിടിക്കുന്നത് ഒരിക്കലും ഉചിതമല്ല. അതുകൊണ്ടു, സന്തോഷത്തോടുകൂടി നന്ദി നിറഞ്ഞ ഹൃദയത്തോടെ നമുക്ക് നെടിയത്തച്ചനെ യാത്രയാക്കാംഅച്ചൻറ്റെ എല്ലാ പ്രവർത്തനങ്ങളിലും തുടർന്നും ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു; അച്ചന് ആയുരാരോഗ്യങ്ങൾ നേരുന്നു. എല്ലാ നന്മകളും നേരുന്നു,
Mathews Jacob
+918891052375
chackosar@gmail.com
www.mathewsjacob.com

എം.സി. വൈ. എം അടൂർ വൈദിക ജില്ല സുവർണ ജൂബിലി സമാപനം

മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻറ്റ് (MCYM) അടൂർ വൈദിക ജില്ലയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം അടൂർ തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാ...