2019, ഒക്‌ടോബർ 26, ശനിയാഴ്‌ച

മാത്യൂസ് തുരുത്തിയിൽ റമ്പാച്ചന് തിരുഹൃദയപ്പള്ളിയുടെ അശ്രുപൂജ


·         മാത്യൂസ് ജേക്കബ് പടിപ്പുരയിൽ

1983 മുതൽ 1988 വരെ അടൂർ തിരുഹൃദയപ്പള്ളി വികാരിയും അടൂർ വൈദികജില്ലാ വികാരിയുമായിരുന്ന മാത്യൂസ് തുരുത്തിയിൽ റമ്പാച്ചന്റെ ദേഹവിയോഗത്തിൽ അടൂർ തിരുഹൃദയപ്പള്ളിയംഗങ്ങൾ അനുശോചനം അർപ്പിക്കുന്നു, വന്ദ്യ റമ്പാച്ചന്റെ ആൽമശാന്തിക്കായി പ്രാർത്ഥിക്കുന്നു.

അന്നത്തെ
മാത്യു തുരുത്തിയിലച്ചനെക്കുറിച്ച് ജ്വലിക്കുന്ന ഓർമ്മകളാണ് പഴയ തലമുറയിലെ അടൂർ ഇടവകാംഗങ്ങൾക്കുള്ളത്. അടൂരിലെ മൂന്നാമത്തെ ദേവാലയം നിർമ്മിച്ചതും കൂദാശ ചെയ്തതും അച്ചൻറ്റെ നേതൃത്വത്തിലായിരുന്നു. ട്രാൻസ്ഫർ ഉടനെയുണ്ടാകുമെന്നും പോകുന്നതിനു മുൻപ് പള്ളിപണിയുടെ കണക്ക് അവതരിപ്പിച്ചു പാസ്സാക്കിയിട്ടു പോകണമെന്നുള്ള തീവ്രമായ ആഗ്രഹം അച്ചന് 1987 ത്തന്നെയുണ്ടായിരുന്നു. പള്ളിപണി കഴിഞ്ഞിട്ടും കണക്കു അവതരിപ്പിച്ചു പാസ്സാക്കുന്നതിൽ വന്ന താമസം അദ്ദേഹത്തെ ദുഃഖിതനാക്കിയിരുന്നു. പക്ഷെ, അന്നത്തെ ട്രസ്റ്റിയുടെ പക്കൽനിന്നും കണക്കുകൾ എങ്ങിനെയോ നഷ്ടമായി. ഇന്നത്തെപ്പോലെ കമ്പ്യൂട്ടർ സഹായമില്ലാതെ നടത്തിയ കണക്കെഴുത്തിൽ കണക്കുബുക്ക് നഷ്ട്ടപ്പെട്ടാൽ എല്ലാം നഷ്ട്ടപ്പെട്ടുവെന്നു തന്നെയായിരുന്നു അർത്ഥം. വലിയ സ്ഫോടനാല്മകമായ അന്തരീക്ഷത്തിലായിരുന്നു പൊതുയോഗം നടന്നത്. യാതൊരു മുഖവുരയുമില്ലാതെ അച്ചൻ പൊതുയോഗത്തിൽ പറഞ്ഞു- “കണക്കുകൾ ട്രസ്റ്റിയുടെ പക്കൽനിന്നും നഷ്ടപ്പെട്ടു. പക്ഷെ നിങ്ങൾ ഓരോരുത്തരും എത്ര തന്നു എന്ന കണക്ക് ഞാൻ സൂക്ഷിച്ചിട്ടുണ്ട്. എങ്ങിനെ ചെലവാക്കിയെന്ന കണക്ക് മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. ഞാനാണ് പണികളൊക്കെ നേരിട്ട് ചെയ്യിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് എത്ര വരവുണ്ടോ അത്രയും ചെലവായിയെന്നു ഞാൻ പറയുന്നത് വിശ്വസിക്കാമെങ്കിൽ കണക്ക് പാസാക്കണം.”
ജനം കുറേസമയം സ്തബ്ദരായി നിശബ്ദരായി ഇരുന്നുപോയി. ആർക്കും അച്ചനെ വേദനിപ്പിക്കുവാനുള്ള മനസ്സില്ലായിരുന്നു. ഒറ്റക്കാരണം കൊണ്ടുതന്നെ, കൂടുതൽ ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ കണക്കുകൾ പൊതുയോഗം ഏതാനും നിമിഷങ്ങൾക്കുള്ളിൽത്തന്നെ പാസ്സാക്കി. ട്രസ്റ്റിയുടെ കണക്കുപുസ്തകത്തേക്കാൾ ആധികാരികതയും വിശ്വാസ്യതയും അടൂർ പള്ളിക്കാരെസംബന്ധിച്ചിടത്തോളം മാത്യു തുരുത്തിയിലച്ചൻറ്റെ വാക്കുകൾക്കുണ്ടായിരുന്നു.
ഞാൻ വിദേശത്തുനിന്നും അവധിക്കു വരുമ്പോളൊക്കെ അന്ന് അച്ചൻ സേവനം ചെയ്തുകൊണ്ടിരുന്ന പള്ളികളിൽ പോയി അച്ചനെ കാണുവാൻ എൻറ്റെ പിതാവ് എന്നെ പ്രേരിപ്പിക്കുമായിരുന്നു. ചെന്നപ്പോളൊക്കെ തൻറ്റെ ആഥിത്യ മര്യാദകൊണ്ട് അദ്ദേഹം എന്നെ വീർപ്പുമുട്ടിച്ചിരുന്നു. അച്ചന്റെയടുത്തു ചെല്ലുമ്പോൾതന്നെ അദ്ദേഹത്തിനു ചുറ്റും ഒരു വിശുദ്ധ പ്രഭാവലയം ഉണ്ടെന്നുള്ളത് മനസ്സിലാക്കാനും അനുഭവിക്കാനും സാധിക്കുമായിരുന്നു. മിതഭാഷിയായിരുന്ന അദ്ദേഹം നിശബ്ദത ആഘോഷിച്ചിരുന്ന സ്വഭാവക്കാരനായിരുന്നു. അര മണിക്കൂർ ഒന്നിച്ചിരുന്നാൽ സാധാരണ കുശലാന്വേഷണങ്ങൾക്കു ശേഷം കഷ്ടിച്ചു മൂന്നോ നാലോ വാചകങ്ങൾ മാത്രം. ബാക്കി സമയമെല്ലാം മൗനംനിശബ്ദത. പക്ഷെ, വളരെ വാചാലമായ നിശ്ശബ്ദതയായിരുന്നു. നിമിഷങ്ങൾ ഒത്തിരി കാര്യങ്ങൾ സംസാരിച്ച, ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കിയ പ്രതീതി ഉളവാക്കുമായിരുന്നു. എന്നാൽ പോകട്ടേയച്ചോയെന്നു യാത്ര പറഞ്ഞിറങ്ങാൻ ശ്രമിച്ചാലും വീണ്ടും പിടിച്ചിരുത്തും. കുറെ നിമിഷങ്ങൾകൂടി കണ്ണുകളിൽ നോക്കി പുഞ്ചിരിയോടു കൂടി ഇരുന്നിട്ടുള്ള തേജസ്സുറ്റ മുഖം ഇപ്പോഴും ഓർമ്മയിൽ തങ്ങിനിൽക്കുന്നു. സത്യത്തിൽ ജീവിച്ചിരിക്കുമ്പോൾതന്നെ വിശുദ്ധനെന്ന് ഞങ്ങളൊക്കെ കണക്കാക്കിയിരുന്ന താപസ ശ്രേഷ്ഠനായിരുന്നു തുരുത്തിയിലച്ചൻ.
വന്ദ്യ റമ്പച്ചാഎല്ലാ കരുതലുകൾക്കും നന്ദിഎല്ലാ പ്രാർത്ഥനകൾക്കും നന്ദിസ്നേഹത്തിന്റെയും ഓർമ്മകളുടെയും മുൻപിൽ ഞങ്ങൾ നമ്രശിരസ്കരാകുന്നുപ്രണാമം!
മാത്യു തുരുത്തിയിലച്ചന് 1988  ലീജിയൻ ഓഫ് മേരി സംഘടന നൽകിയ യാത്രയയപ്പ്

(മാത്യു തുരുത്തിയിലച്ചന് 1988 ലീജിയൻ ഓഫ് മേരി സംഘടന നൽകിയ യാത്രയയപ്പിന്റെ ചിത്രം മൺമറഞ്ഞുപോയ നെടുമ്പാലയിൽ അമ്മച്ചിയേയും കോയിക്കവടക്കേൽ അമ്മച്ചിയേയും കോട്ടാലേത്ത് അമ്മച്ചിയേയും തോപ്പിൽ മറിയാമ്മാമ്മയെയും മണ്ണിക്കരോട്ട് ലില്ലിക്കുട്ടിയമ്മാമ്മയെയും ഒക്കെ ഒന്നുകൂടി കാണാൻ അവസരം ഒരുക്കുന്നു. അന്നത്തെ ഇളം തലമുറക്കാരായ നെല്ലിമൂട്ടിൽ മേരി ജോർജിനെയും കുറ്റിയിൽ സൂസമ്മാമ്മയെയും, പുത്തൻപുരയിൽ പൊന്നമ്മാമ്മയെയും ഒക്കെ അന്നത്തെ അവസ്ഥയിൽ കാണാനുള്ള അവസരവും ഓർമ്മച്ചെപ്പ് തുറക്കുന്ന അപൂർവ്വ ചിത്രം നമുക്ക് സമ്മാനിക്കുന്നു.)

ഗുഡ്ഗാവ് ഭദ്രാസനത്തിന് പുതിയ ഇടയൻ

മലങ്കര സുറിയാനി കത്തോലിക്ക സഭ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പുതിയ ഇടയൻ അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ് തിരുമേനി സ്ഥാനാരോഹണ ശ്രുശൂഷയക...